Manju, Anoop Menon to play a couple soon

അനൂപ് മേനോനും മഞ്ജു വാര്യരും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ഫയര്‍മാന്‍ എന്ന സിനിമയൊരുക്കിയ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ ദന്പതികളുടെ വേഷത്തിലാണ് ഇരുവരും എത്തുക. സെന്‍ട്രല്‍ ജയിലിലെ തടവുകാരെ വോളിബോള്‍ പരിശീലിപ്പിക്കുന്ന പരിശീലകയുടെ വേഷമാണ് മഞ്ജുവിന്. മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേഷമാണ് അനൂപിന്. മുരളി ഗോപിയാണ് ജയില്‍ വാര്‍ഡന്റെ വേഷത്തിലെത്തുന്നത്. പാവാട,? റിലീസ് ചെയ്യാനുള്ള പാവ എന്നീ സിനിമകള്‍ക്ക് ശേഷം അനൂപും മുരളിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സണ്ണി വെയ്ന്‍, സുധീര്‍ കരമന, ബാലു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, ജോജു ജോര്‍ജ്, പാഷാണം ഷാജി, നോബി എന്നിവര്‍ ജയില്‍ പുള്ളികളുടെ വേഷത്തില്‍ എത്തും. ഇവരെയാണ് മഞ്ജു വോളിബോള്‍ പരിശീലിപ്പിക്കുക. മഞ്ജുവിന് പരിശീലനം നല്‍കാനായി വോളിബോള്‍ കോച്ചായ ഹരിലാലിന്റെ സേവനവും സംവിധായകന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മഞ്ജു നായികയാവുന്ന വേട്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രനാണ് ഈ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത്. തമാശയ്‌ക്കൊപ്പം കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവുന്ന തരത്തിലായിരിക്കും സിനിമ ഒരുക്കുകയെന്ന് അരുണ്‍ലാല്‍ പറഞ്ഞു.

തിരുവനന്തപുരം ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഫെബ്രുവരി രണ്ടാം വാരത്തോടെ ഷൂട്ടിംഗ് തുടങ്ങും. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ ശ്രീബാല എന്ന ഐ.പി.എസ് ഓഫീസറുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.

Top