അന്തരിച്ച സിനിമാ പ്രതിഭ ലോഹിതദാസിന്റെ ഏഴാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണവുമായി നടി മഞ്ജു വാര്യര്‍. കരിങ്കല്ലു പോലുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് കിനിഞ്ഞിറങ്ങിയ വീര്യവത്തായ പ്രതിഭയായിരുന്നു ലോഹിതദാസെന്ന് മഞ്ജു.
കന്മദം എന്ന വാക്കിന് കല്ലില്‍ നിന്ന് ഊറി വരുന്നത് എന്ന് അര്‍ത്ഥമുണ്ട്. അങ്ങനെ നോക്കിയാല്‍ ലോഹിസാര്‍ കന്മദം ആയിരുന്നെന്നും മഞ്ജു വാര്യര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
കടന്ന് പോയിട്ട് ഏഴ് വര്‍ഷമായിട്ടും ലോഹിസാറിന്റെ അസാന്നിധ്യം തനിക്ക് അനുഭവപ്പെടുന്നില്ലെന്ന് മഞ്ജു കുറിക്കുന്നു. ഇന്നും ആദ്യ ഷോട്ടിന് മുന്‍പ് മനസ്സാ പ്രണമിക്കും. ലോഹിതദാസ് എന്ന വലിയ മനുഷ്യന്‍ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനു പിന്നാലെയാണ് യാത്ര.
സല്ലാപം മുതല്‍ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാര്‍ പകര്‍ന്നു തന്നതേയുള്ളൂ കൈക്കുള്ളില്‍. അതുകൂപ്പി, കൈകളെ ചേര്‍ത്തുപിടിച്ച് ഒരിക്കല്‍ കൂടി പ്രണാമം. മഞ്ജുവിന്റെ പോസ്റ്റില്‍ പറയുന്നു.