ബീഹാര്‍: മുസാഫിര്‍പുര്‍ കേസില്‍ ബീഹാര്‍ മുന്‍ സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രി മഞ്ചു വര്‍മ്മയ്‌ക്കെതിരെയും ഭര്‍ത്താവ് ചന്ദ്രകാന്ത് വര്‍മ്മയ്‌ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുസാഫിര്‍പുര്‍ ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് കേസ്.
സി ബി ഐ മഞ്ചു വര്‍മ്മയുടെ പാറ്റ്‌നയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ സീല്‍ ചെയ്തിരുന്നു. മുന്‍ മന്ത്രി ദാമോദര്‍ റാവത്തിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ചു വര്‍മ്മ മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൃഷ്ണ നന്ദന്‍ പ്രസാദ് വര്‍മ്മയ്ക്ക് സാമൂഹ്യസുരക്ഷ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിരുന്നു.
മുസാഫിര്‍പുര്‍ അഭയ കേന്ദ്രത്തിലെ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് പുറത്ത് വന്ന വിവരം. ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍. അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.