വിലക്കിനെതിരെ പ്രതിരോധവുമായി മഞ്ജു . . മലയാള താരസംഘടന പിളർപ്പിലേക്ക് . . .

കൊച്ചി: നടി മഞ്ജൂവാര്യരുടെ അപ്രഖ്യാപിത വിലക്കിനെതിരെ നടിമാര്‍ സംഘടിക്കുന്നു.

പുതിയ ഒരു സംഘടന രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ രൂപീകരിക്കുന്ന സംഘടന താരസംഘടനയായ ‘അമ്മ’ക്ക് ബദലാകുമെന്നാണ് സൂചന.

മഞ്ജു വാര്യര്‍ക്ക് പുറമെ അഞ്ജലി മേനോന്‍, പാര്‍വതി, റീമ കല്ലിങ്കല്‍ ,സജിത മoത്തില്‍, വിധുവിന്‍സന്റ്, ബീനാ പോള്‍ എന്നിവരാണ് സംഘടനാ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

മറ്റ് വനിതാ താരങ്ങളെയെല്ലാം അണിനിരത്തി സിനിമയിലെ പുരുഷ മേധാവിത്വത്തിനും, അവഗണനക്കും മറ്റുമെതിരെ പ്രതികരിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യമത്രെ.

ഇത് ആദ്യമായാണ് നടിമാര്‍ക്ക് മാത്രമായി ഒരു താര സംഘടന വരുന്നത്. വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുമായി മഞ്ജുവാര്യരുടെ നേതൃത്ത്വത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. പിന്തുണ തേടുകയാണ് പ്രധാന ലക്ഷ്യം.

താരസംഘടനയായ അമ്മയില്‍ നിന്നും ഇവരെ പുറത്താക്കുമോ എന്ന കാര്യവും സിനിമാരംഗത്തെ പ്രമുഖര്‍ ഉറ്റുനോക്കുകയാണ്.

ദിലീപുമായി വേര്‍പിരിഞ്ഞ ശേഷം മലയാള സിനിമയില്‍ സജീവമായ മഞ്ജുവിനെ ഇതുവരെ വലിയ വിഭാഗം സിനിമയില്‍ സഹകരിപ്പിച്ചിരുന്നില്ല. അമ്മ സെക്രട്ടറി കൂടിയായ മമ്മൂട്ടി പോലും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ മന:പൂര്‍വ്വം ഒഴിവാക്കിയിരുന്നു. ദിലീപാണ് അമ്മയുടെ ട്രഷറര്‍.

മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കാന്‍ തീരുമാനിച്ച രണ്ട് സിനിമകളില്‍ നിന്നും പ്രമുഖ യുവ സംവിധായകനടക്കമുള്ളവര്‍ പിന്‍വാങ്ങിയെന്ന വാര്‍ത്ത നേരത്തെ Express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒന്ന് സംവിധായകന്റെ തന്നെ പിന്‍മാറ്റമാണെങ്കില്‍ മറ്റേത് നിര്‍മ്മാതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സിനിമാ മേഖലയിലെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച് മുന്നോട്ട് പോകേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

തിരക്കഥ പൂര്‍ത്തിയാക്കിയ യുവസംവിധായകന്‍ നിര്‍മാതാവുമായി ചര്‍ച്ച നടത്തവെ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

എന്നാല്‍ ആരെ അഭിനയിപ്പിച്ചാലും മഞ്ജുവേണ്ടന്ന പിടിവാശിയിലായിരുന്നു നിര്‍മ്മാതാവ്. അതിന് തന്റേതായ കാരണങ്ങള്‍ നിരത്തവെയാണ് മറ്റൊരു സംവിധായകനും മഞ്ജുവിനെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്ന കാര്യം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയത്.

താരങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് അതിനെ സാധൂകരിക്കുന്ന തീരുമാനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ച് വന്നിരുന്നത്.

മോഹന്‍ലാലിന്റെ കൂടെയടക്കം അഭിനയിക്കാനുള്ള അവസരവുമുണ്ടായി. ഇപ്പോള്‍ വീണ്ടും ലാലിന്റെ നായികയായി രണ്ടു സിനിമയിലാണ് ഒരേ സമയം വരുന്നത്.

ലാലിന്റെ ഈ ‘പോത്സാഹന’ രീതിയോട് ശക്തമായ അമര്‍ഷമാണ് പ്രബല വിഭാഗത്തിനുള്ളത്.

മമ്മൂട്ടി പോലും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തില്‍ ലാല്‍ ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

ഈ ‘വിലക്ക്’ മറികടക്കാനാണ് ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും മറ്റും ചൂണ്ടിക്കാട്ടി നടിമാരുടെ പുതിയ സംഘടന രൂപീകരിക്കുന്നത്. നടിമാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് സംഘടനയെന്നാണ് വാദമെങ്കിലും അമ്മയേയും അതിലെ ഭാരവാഹികളെയുമാണ് ലക്ഷ്യമെന്നത് വ്യക്തം.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുള്ളത് എന്നതിനാലാണ് ആദ്യം മുഖ്യമന്ത്രിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top