വിദ്യയെക്കാള്‍ മഞ്ജുവിനു തന്നെയാണ് ആമിയാകാന്‍ കഴിയുക : കമല്‍

manju-kamal

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആമി’. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, പിന്നീട് കഥാപാത്രം മഞ്ജുവിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍, വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ടെന്നാണ് കമല്‍ പറയുന്നത്. ആമിയില്‍ വിദ്യാ ബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയ്ക്കുള്ളിലേക്ക് ലൈംഗികത കടന്നുവരുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിദ്യയെക്കാള്‍ മഞ്ജുവിനു തന്നെയാണ് ആമിയാകാന്‍ കഴിയുകയെന്നും, മഞ്ജു ശരിക്കും വിസ്മയിപ്പിച്ചുവെന്നും, വളരെ പെട്ടെന്ന് മഞ്ജു മാധവിക്കുട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് നായകന്‍. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top