കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജി.പി സന്ധ്യയുമായുള്ള രഹസ്യകൂടിക്കാഴ്ചക്കു ശേഷം.
കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പാണ് മഞ്ജുവുമായുള്ള കൂടിക്കാഴ്ച നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
നാടകീയമായാണ് കേസില്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയായിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയായ കേസില്‍ പ്രധാന സാക്ഷിയാണ് മഞ്ജു.
സിനിമാമേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികളാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. വൈകുന്നേരം 3.45നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് മഞ്ജു വാര്യര്‍ രംഗത്തുവന്നതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയിരുന്നത്.
പിന്നീട്, ദിലീപിനെ അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് ഹൈക്കോടതി വിദേശത്ത് പോകാന്‍ പ്രത്യേക അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തന്നെ കള്ളക്കേസില്‍ കുടുക്കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് എഡിജിപിക്കെതിരെ ഉന്നയിച്ചിരുന്നത്.
എ.ഡി.ജി.പി സന്ധ്യക്കെതിരായ ആരോപണങ്ങള്‍
സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്‌ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്. ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.
ആലുവ പോലീസ് ക്ലബ്ബില്‍ എന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണ്.
വാര്‍ത്താചാനലുകള്‍ പോലീസ് ക്ലബ്ബില്‍നിന്ന് തല്‍സമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി. സന്ധ്യയും കൂട്ടരുമാണ് ഈ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പരസ്?പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്‌റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാം.
പൊതുജനമധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നത്. ഇത് മനഃപൂര്‍വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്‌റയുടെ ആശീര്‍വാദമുണ്ട്.
എനിക്ക് ഫോണ്‍ചെയ്യാന്‍ സുനിക്ക് ജയിലില്‍ പോലീസുകാരന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?
കത്തില്‍ ദിലീപ് ചോദിക്കുന്നു.
റിപ്പോര്‍ട്ട്: എം വിനോദ്