manju warrier play kavalam drama

പത്തനംതിട്ട: മോഹന്‍ലാലിനും മുരളിക്കും ശേഷം സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു. കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത കാളിദാസന്റെ ശാകുന്തളത്തില്‍ ശകുന്തളയായാണ് മഞ്ജു അരങ്ങില്‍ അഭിനയപാടവം പൊലിപ്പിക്കാനൊരുങ്ങുന്നത്. മേയില്‍ തിരുവനന്തപുരത്ത് നാടകം അരങ്ങേറും.

കാവാലത്തിന്റെ കര്‍ണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹന്‍ ലാല്‍ അരങ്ങിന്റെ അഭിനയപാടവം പുറത്തെടുത്തതെങ്കില്‍ ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിനെ വിസ്മയിപ്പിച്ചത്. മഞ്ജു വാര്യര്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട നടിക്ക് യഥാര്‍ഥത്തില്‍ വെല്ലുവിളിയാണ് ഈ നാടകം.

കാവാലത്തിന്റെ തിരുവനന്തപുരത്തെ കളരിയില്‍ വന്ന് മഞ്ജു ഒരുതവണ നാടകം കണ്ടു. നാടകത്തിലെ ലൈവ് ഡയലോഗിനൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. അതും വളരെ ശ്രുതിശുദ്ധമായി പാടേണ്ടതും. ഡയലോഗിനുപോലും സംഗീതാംശമുണ്ട്. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന നാടകം മഞ്ജുവിന്റെ തിരക്കുകാരണം മേയില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

1983ല്‍ ഈ നാടകത്തില്‍ ശകുന്തളയായി അഭിനയിച്ചത് അന്ന് 13 വയസ്സ് മാത്രമുണ്ടായിരുന്ന മോഹിനി വിനയനായിരുന്നു. അവര്‍ ഇന്നും കാവാലത്തിന്റെ കളരിയിലെ നടിയാണ്. തുടര്‍ന്ന് സരിത സോപാനം ശകുന്തളയായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.

Top