സൂപ്പർതാരം അജിത്തിന്റെ നായികയായി എത്തി തെന്നിന്ത്യൻ സിനിമാലോകം കീഴടക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. അജിത്ത് നായകനായി എത്തുന്ന തുനിവിലാണ് മഞ്ജു നായികയാവുന്നത്. എന്നാൽ ചിത്രത്തിൽ നായിക മാത്രമായല്ല താരം എത്തുന്നത്. സിനിമയിൽ ഒരു ഗാനവും മഞ്ജു ആലപിക്കുന്നുണ്ട്. താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ജിബ്രാൻ സംഗീതം നൽകുന്ന പാട്ട് പാടുന്നതിന്റെ ത്രില്ലിലാണ് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചത്. ജിബ്രാനുവേണ്ടി പാട്ടുപാടിയതിന്റെ ത്രില്ലിലാണ്. തുനിവിലെ വളരെ രസകരമായ പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നിങ്ങൾ എല്ലാവരും ഇതു കേൾക്കാനായി കാത്തിരിക്കുന്നു.- മഞ്ജു കുറിച്ചു. താരം ആലപിച്ച ജാക്ക് ആൻഡ് ജില്ലിലെ കിം കിം കിം എന്ന ഗാനം വലിയ ഹിറ്റായിരുന്നു.
മഞ്ജു തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു ആദ്യ ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം വൻ കയ്യടി നേടിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിന് പൊങ്കലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.