വനിതാ മതിലില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും വിവേചനാധികാരമാണ്. അത് മഞ്ജു വാര്യരായാലും സാധാരണക്കാരനായാലും അങ്ങനെ തന്നെയാണ്. ആരെയെങ്കിലും നിര്‍ബന്ധിച്ചാണ് വനിതാ മതിലിന് ആനയിക്കുന്നതെന്ന അഭിപ്രായം ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് പോലും ഇല്ലന്നതും ഓര്‍ക്കുക.
വനിതാ മതിലില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലന്ന് നിരീക്ഷിച്ചത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ്.
സര്‍ക്കാര്‍ ഫണ്ട് വനിതാ മതിലിനായി ഉപയോഗിക്കില്ലന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു. ഇനി കാര്യത്തിലേക്ക് വരാം. വനിതാ മതില്‍ ആശയം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുകയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതിനെ പിന്തുണക്കുകയും ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ വിവാദവും പൊട്ടി പുറപ്പെട്ടതാണ്.
യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി വനിതാ മതില്‍ പൊളിക്കാന്‍ രംഗത്തിറങ്ങുകയും എം.കെ മുനീര്‍ വര്‍ഗ്ഗീയ മതിലെന്ന് ആക്ഷേപിക്കുകയും ചെയ്തതിനു ശേഷമാണ് മഞ്ജു വാര്യര്‍ വനിതാ മതിലിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നത്. എന്നിട്ട് ഇപ്പോള്‍ അവര്‍ ഒറ്റയടിക്ക് പിന്‍മാറി പറയുന്ന വാദങ്ങള്‍ സാക്ഷര കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
വനിതാ മതിലിനു രാഷ്ട്രീയ നിറമുള്ള കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍ പറയുന്നത്. അണിയറയില്‍ ആരോ എഴുതി കൊടുത്ത തിരക്കഥ പോലെയാണ് അവരുടെ പ്രതികരണവും പുറത്തു വന്നിരിക്കുന്നത്.
കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം തനിക്കില്ലെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും ആണ് മഞ്ജുവിന്റെ വാദം. രാഷ്ട്രീയ പരിപാടിയില്‍ നിന്നും അകന്നു നില്‍ക്കുന്നതിന്റെ ഭാഗമാണ് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.
പറയുന്ന വാക്കുകളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു പരാമര്‍ശം അവര്‍ നടത്തില്ലായിരുന്നു. രാഷ്ട്രീയ പരിപാടികളില്‍ നിന്നും അകന്ന് നില്‍ക്കുന്ന മഞ്ജു എന്തിനാണ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി വേദിയില്‍ നൃത്തം ചവിട്ടിയത്. മറ്റൊരു വേദിയും ഇല്ലാഞ്ഞിട്ടാണോ കാവി രാഷ്ട്രീയത്തിന്റെ വേദി തന്നെ തിരഞ്ഞെടുത്തത് ? കൊടിയുടെ രാഷ്ട്രിയം നിങ്ങള്‍ക്കില്ലെങ്കില്‍ എന്തിനാണ് താമര അലേഖനം ചെയ്ത കൊടിക്കു കീഴില്‍ തന്നെ നൃത്തം ചവിടിയതെന്നതും മഞ്ജു വാര്യര്‍ വ്യക്തമാക്കണം.
കേവലം സാമ്പത്തിക ലാഭം മുന്‍ നിര്‍ത്തി മാത്രമാണ് മഞ്ജു കഷ്ടപ്പെട്ട് കോഴിക്കോട് ബി.ജെ.പി വേദിയില്‍ പോയി നൃത്തം ചവിട്ടിയത് എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. കോഴിക്കോട് കാണാത്ത എന്ത് കൊടിയുടെ രാഷ്ട്രീയമാണ് വനിതാ മതിലില്‍ മഞ്ജു ദര്‍ശിക്കുന്നത് എന്നത് തുറന്ന് പറയണം.
ബി.ജെ.പി വേദിയില്‍ മഞ്ജു വാര്യര്‍ നൃത്തം ചവിട്ടിയപ്പോള്‍ പോലും അതിനെ വിമര്‍ശിക്കാന്‍ ബി.ജെ.പിയുടെ കടുത്ത ശത്രുവായ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നില്ല എന്ന കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.
മഞ്ജു ഇപ്പോള്‍ കാണുന്നത് പോലെ കൊടിയുടെ നിറത്താല്‍ ആ നൃത്തച്ചുവടുകളെ അന്ന് സി.പി.എം കണ്ടിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്കുള്ള ഊതി വീര്‍പ്പിച്ച മാര്‍ക്കറ്റു തന്നെ ഉണ്ടാവില്ലായിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവില്‍ അഭിനയിച്ച സിനിമകളുടെ കണക്കെടുത്താല്‍ അതില്‍ നഷ്ടങ്ങളുടെ കണക്കും നിര്‍മ്മാതാക്കളുടെ കണ്ണീരും മാത്രമേ കാണാന്‍ സാധിക്കൂ.
ഒരു ബ്രാന്‍ഡായി നിങ്ങള്‍ പരസ്യ രംഗത്ത് മാറിയത് കൊണ്ടു മാത്രമാണ് ഇവിടെ പൊതു സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് എന്നത് നല്ല പോലെ ഓര്‍മ്മ വേണം.
പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ സര്‍ക്കാറാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം സര്‍ക്കാറല്ല. പാര്‍ട്ടിക്കാരെ സേവിക്കാന്‍ നടത്തുന്ന ഭരണവുമല്ല നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയമുണ്ട്. സര്‍ക്കാര്‍ നയങ്ങളില്‍ പോലും രാഷ്ട്രീയമുണ്ട്. ഇക്കാര്യങ്ങള്‍ അറിയാഞ്ഞിട്ടാണോ സര്‍ക്കാര്‍ പരസ്യങ്ങളില്‍ മഞ്ജു അഭിനയിച്ചത് എന്ന കാര്യവും തുറന്ന് പറയണം.
സര്‍ക്കാറുകള്‍ എതായാലും അതിനെ കക്ഷി – രാഷ്ട്രിയ ഭേദമന്യേ കാണാന്‍ കഴിയണം. വലിയ ബ്രാന്‍ഡായി അഹങ്കരിക്കുന്ന മഞ്ജുവിന് അതിന് സാധിക്കാത്തതില്‍ പരിതപിക്കുകയേ നിവൃത്തിയൊള്ളു.
ആരുടെ ക്വട്ടേഷന്‍ വാങ്ങിയാണ് ഇപ്പോള്‍ വനിതാ മതിലിനെ തള്ളി രംഗത്ത് വന്നത് എന്ന കാര്യം മഞ്ജു വാര്യര്‍ ഇനിയെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്. അറിവില്ലായ്മ കൊണ്ട് സംഭവിച്ച വീഴ്ചയാണെന്ന് പറഞ്ഞ് പ്രബുദ്ധരായ കേരള ജനതയെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. അത് നടക്കില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവാനാണോ അതോ ദേശീയ പുരസ്‌ക്കാരം ആഗ്രഹിച്ചിട്ടാണോ മനംമാറ്റം എന്ന കാര്യം തുറന്നു പറയുന്നതാണ് മാന്യത.
കലയാണ് തന്റെ രാഷ്ട്രീയമെന്ന മഞ്ജുവിന്റെ വാദവും പുച്ഛിച്ചു തള്ളുന്നു. കലയെ കച്ചവടവല്‍ക്കരിക്കുക മാത്രമല്ല, രാഷ്ട്രീയവല്‍ക്കരിക്കുക കൂടി ചെയ്ത മിടുക്കാണിത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് വനിതാ മതിലിനെ തള്ളിയ പ്രസ്താവനയിലൂടെ തന്നെ വ്യക്തമായിക്കഴിഞ്ഞു.
വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് പരസ്യമായി വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞ് മതില്‍ പൊളിക്കാന്‍ ഇറങ്ങിയവരുടെ കയ്യിലെ ഉപകരണമായി മാറിയത് നീതീകരിക്കാന്‍ കഴിയുന്നതല്ല.
നിങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതെ ഇരിക്കുകയോ ചെയ്യാമായിരുന്നു. ആരും തന്നെ അത് ചോദ്യം ചെയ്യുകയുമില്ലായിരുന്നു. എന്നാല്‍ എല്ലാം പരസ്യമായി പ്രഖ്യാപിച്ച് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാവുകയാണ് ഒടുവില്‍ മഞ്ജു ചെയ്തത്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആ വീഡിയോ എങ്കില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല.
സ്വന്തം കൈ കൊണ്ടും നെഞ്ചു കൊണ്ടും കേരളത്തെ നിരവധി വട്ടം അളന്ന വിപ്ലവ യുവജന സംഘടനയടക്കം കേരളത്തിന്റെ പുരോഗമന മനസ്സ് ഈ മതിലിനൊപ്പം ഉണ്ട്. ഇക്കാര്യം വൈകിയെങ്കിലും മഞ്ചുവാര്യര്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.
Express View