തിയേറ്ററില്‍ എത്തും മുമ്പേ കോടികള്‍ വാരി മഞ്ഞുമല്‍ ബോയ്‌സ്; പ്രീ-സെയില്‍സ് കണക്കുകള്‍ പുറത്ത്

ലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തിയ സിനിമകളായിരുന്നു ഫെബ്രുവരി മാസത്തില്‍ റിലീസായത്. ഓരോ ആഴ്ചകളുടെ ഇടവേളയിലും വമ്പന്‍ ഹിറ്റുകള്‍. പ്രേമലു, ഭ്രമയുഗം അടുത്തത് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ പ്രീ-സെയില്‍സ് കണക്കുകളാണ് ചിത്രത്തിന്റെതായി പുറത്ത് വരുന്നത്.

കൊടൈക്കനാലിലെ ‘ഗുണ ഗുഹ’യില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം, കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയില്‍സ് നേടി. ഇത് ആരാധകര്‍ക്കിടയില്‍ ചിത്രത്തിനുള്ള വരവേല്‍പിനെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ഹൗസ് ഫുള്ളായത്.

സുഷിന്‍ ശ്യാം പറഞ്ഞ പോലെ തന്നെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മലയാള സിനിമയുടെ സീന്‍ മാറ്റിയെന്ന് തന്നെയാണ് ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ചിദംബരം തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ നേരിടുന്ന സംഭവ വികാസങ്ങളുമാണ് സിനിമ.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.

Top