കേരളത്തിന് പുറമെ തമിഴ്നാട്ടിലും തിയേറ്ററുകള്‍ നിറഞ്ഞോടി പ്രദര്‍ശനം തുടരുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം ഇതിനോടകം തന്നെ തമിഴ്നാട്ടില്‍ നിന്ന തന്നെ് 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ തമിഴ്നാട്ടിലെ തിയേറ്ററില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
ഒരു സിനിമാപ്രേമി എന്ന നിലയില്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ഇഷ്ടം തോന്നിയ സിനിമാ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ സിനിമകളുടെ എന്‍ഡ് ക്രെഡിറ്റ്‌സ് കഴിയും വരെ സ്‌ക്രീനില്‍ നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ വേഗം തിയേറ്ററില്‍ നിന്ന് ഇറങ്ങിപോകാനാണ് ശ്രമിച്ചത്. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ശേഷം സ്‌ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയേറ്ററിലാണ് എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ കണ്ടത്. ആ നിമിഷം എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്‌സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മള്‍ ആരെക്കാളും മുന്‍പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.