സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു ഒടിടിയിലേക്കുള്ള ചുവടുവെപ്പ്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായം മലയാളമാണ്. മറ്റ് ഭാഷാ സിനിമകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ബജറ്റില്‍ മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്ന ചലച്ചിത്രവ്യവസായമെന്ന് പോയ വര്‍ഷങ്ങളിലാണ് മറുഭാഷയിലെ സാമാന്യ പ്രേക്ഷകര്‍ക്കിടയില്‍ മോളിവുഡ് പേരെടുത്തത്. എന്നാല്‍ ഒടിടിയില്‍ ഹിറ്റ് ആവുമ്പോഴും മലയാള സിനിമയെ സംബന്ധിച്ച് ഇതരഭാഷാ പ്രേക്ഷകര്‍ തിയറ്ററിലെത്തി കണ്ട് ഹിറ്റാക്കുന്ന ചിത്രം എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ഥ്യമാവുകയാണ്.
മലയാളത്തിന്റെ യുവനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലില്‍ വിനോദയാത്ര പോയ യുവാക്കളുടെ ഒരു സംഘം നേരിട്ട യഥാര്‍ഥ അപകടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണിത്. ഒപ്പം കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ ചില റെഫറന്‍സുകള്‍ കഥയുടെ മര്‍മ്മപ്രധാന ഭാഗങ്ങളിലും കടന്നുവരുന്നുണ്ട്. തമിഴ് പ്രേക്ഷകര്‍ക്ക് ചിത്രത്തോട് അധിക അടുപ്പം ഉണ്ടാക്കിയ ഘടകങ്ങളാണ് ഇത്.
തമിഴ്‌നാട്ടില്‍ ഓരോ ദിവസവും പ്രദര്‍ശനങ്ങളുടെ എണ്ണവും ബുക്കിംഗുമൊക്കെ കൂടിവരുന്ന ചിത്രം വെള്ളിയാഴ്ച കളക്ഷനില്‍ ഒരു റെക്കോര്‍ഡും സൃഷ്ടിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയത് ഒരു കോടിക്ക് മുകളിലാണ്. അവര്‍ ട്രാക്ക് ചെയ്ത ഷോകളില്‍ നിന്ന് 1.01 കോടിയാണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ ഫ്രൈഡേ ബോക്‌സ് ഓഫീസ്. ഒരു മലയാള ചിത്രം ആദ്യമായാണ് ഒറ്റ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടുന്നതെന്ന് സിനിട്രാക്ക് അറിയിക്കുന്നു. അതേസമയം ശനി, ഞായര്‍ കളക്ഷനുകളിലും ചിത്രം അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.