മാങ്കുളം സംഘര്‍ഷം; വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ഇടുക്കി: മാങ്കുളത്ത് സംഘര്‍ഷത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസിനെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യമില്ല വകുപ്പു ചുമത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമരസമിതി. പ്രവീണിനെതിരെ ചുമത്തിയത് കള്ളക്കേസെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനുശേഷമാണ് ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസിനെ ഇന്നലെ രാത്രി ഒമ്പതരയോടെ മാങ്കുളത്തു നിന്നും അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യുന്ന പരാതിയില്‍ എസ് സി എസ് ടി അട്രോസിറ്റിസ് ആക്ട് പ്രകാരം ജാമ്യമില്ല വകുപ്പു ചുമത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതെ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും രാത്രിയിലെത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനകീയ സമരസമിതി.

മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍ കുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള പവലിയന്റെ അവകാശവാദം ഉന്നയിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ മൂന്നാര്‍ പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും എതിരെയും കേസെടുത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ധിച്ചെന്ന കേസില്‍ മുമ്പ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Top