സാഹസം വേണ്ടിയിരുന്നില്ല, നോട്ട്നിരോധനം മൂലം സമ്പദ്‌വ്യവസ്ഥ പടുകുഴിയില്‍; മന്‍മോഹന്‍ സിങ്

manmohan-singh

മൊഹാലി: നോട്ടു നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ്.

സാങ്കേതികമായും സാമ്പത്തികമായും യാതൊരു ആവശ്യവുമില്ലാത്ത സാഹസിക നടപടിയായിരുന്നു നോട്ടു നിരോധനമെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊഴികെ മറ്റു പരിഷ്‌കൃത രാജ്യങ്ങളിലൊന്നും ഇതുപോലുള്ള നോട്ടു നിരോധനങ്ങള്‍ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും, സാങ്കേതികമായോ സാമ്പത്തികമായോ ഇത്തരമൊരു സാഹസം വേണമായിരുന്നുവെന്നും ഞാന്‍ കരുതുന്നില്ലെന്നും, മന്‍മോഹന്‍ സിങ് പറഞ്ഞു.

പഞ്ചാബിലെ മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച ‘ലീഡര്‍ഷിപ് ഉച്ചകോടി’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 നവംബര്‍ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്.

അന്ന് വരെ ഉപയോഗത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ചത്.

നേരത്തെ, നോട്ടു നിരോധനത്തെ സംഘടിതമായ കൊള്ളയെന്നും ചരിത്രപരമായ പിഴവെന്നും വിശേഷിപ്പിച്ച് മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു.

Top