മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലേക്ക് : എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

manmohan-singh

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ അംഗമായി മന്‍മോഹന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാ എം.പി മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിങ് മത്സരിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിയോഗിക്കാത്തതിനെ തുടര്‍ന്ന് മന്‍മോഹന്‍ നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിങിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ധനമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച കാലത്തെല്ലാം അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജൂണിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്. തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചു.

Top