ജിഎസ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തം: മന്‍ മോഹന്‍ സിങ്

manmohan singh

അഹമ്മദാബാദ്: നികുതി തീവ്രവാദത്തെക്കുറിച്ചുള്ള ഭയം ഇന്ത്യക്കാര്‍ക്ക് ബിസിനസ് രംഗത്ത് നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം തകര്‍ത്തെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

കൂടാതെ ഇന്ത്യയിലെ സാമ്പത്തിക രംഗത്തിനും ജനങ്ങള്‍ക്കും നവംബര്‍ എട്ട് എന്നത് കറുത്ത ദിനമാണെന്നും നോട്ട് നിരോധനം സംഘടിത കൊള്ളയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഹമ്മദാബാദിലെത്തിയതായിരുന്നു അദ്ദേഹം.

പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുവാന്‍ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ആയിട്ടില്ലെന്നും, ലോകത്ത് ഒരു രാജ്യവും ഇത്തരമൊരു കാര്യം നടപ്പാക്കിയിട്ടില്ലെന്നും, ജിഎസ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തമാണെന്നും, നോട്ടു നിരോധനവും, ജിഎസ്ടിയും ചെറുകിട സംരംഭങ്ങളെ തളര്‍ത്തിയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൊങ്ങച്ചം പറച്ചലിന്റെ ഭാഗമായി മാത്രം ഉണ്ടായതാണ്, ജിഎസ്ടിയേയും നോട്ട് നിരോധനത്തേയും ചോദ്യം ചെയ്താല്‍ എങ്ങനെയാണ് നമ്മള്‍ നികുതിവെട്ടിപ്പുകാരാവുന്നത്, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ചോദ്യം ചെയ്താല്‍ നമ്മളെങ്ങനെയാണ് വികസന വിരോധികളാവുന്നത്, കള്ളനാക്കി എല്ലാവരേയും സംശയത്തോടെ കാണുന്നത് തരം താണ വാചകമടിയും ജനാധിപത്യ സംവാദത്തിന് കോട്ടമുണ്ടാക്കുന്നതുമാണ്, അദ്ദേഹം കുറ്റപ്പെടുത്തി.

Top