ന്യൂഡല്‍ഹി: കറന്‍സി ഇതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മന്‍ കി ബാത്ത് പരിപാടിയിലൂടെയാണ് പുതിയ രണ്ട് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണെന്ന് മോദി പ്രഖ്യാപിച്ചത്. വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാര്‍ യോജന, ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രഹക് യോജന എന്നിവയാണ് പദ്ധതി.
100 ദിവസത്തേക്ക് പതിനയ്യായിരം പേര്‍ക്ക് 1000 രൂപ വീതമുള്ള സമ്മാനപദ്ധതി നല്‍കുന്നതാണ് ലക്കി ഗ്രഹക് യോജന. ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി മന്‍ കി ബാത്ത് തുടങ്ങിയത്.
കരുണ ത്യാഗം എന്നിവയുടെ മഹത്വം വിളിച്ചോതുന്നതാണ് ക്രിസ്മസ്. ക്രിസ്തു പാവപ്പെട്ടവരെ സേവിക്കുക മാത്രമല്ല ചെയ്തത് പാവങ്ങളുടെ സേവനങ്ങളെ വിലമതിക്കുകയും ചെയ്തിരുന്നുവെന്ന് മോദി പറഞ്ഞു. 91 ാം പിറന്നാള്‍ ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും മോദി ആശംസ നേര്‍ന്നു. വാജ്‌പേയിയുടെ സംഭാവനകളെ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് മോദി പറഞ്ഞു.
എങ്ങനെ കാഷ് ലസ് ആകാമെന്ന ആകാംക്ഷയാണ് ജനങ്ങള്‍ക്കെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ പരസ്പരം ഇത് പഠിക്കണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാഷ് ലസ് ഇടപാടുകള്‍ രാജ്യത്ത് 300 ശതമാനം വരെ വര്‍ധിച്ചു. രാജ്യത്ത് 30 കോടി റുപേ കാര്‍ഡുകളുണ്ട്.
അതില്‍ 20 കോടിയും സാധാരണക്കാരുടേതാണ്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബുദ്ധിമുട്ട് സഹിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് ആദായനികുതി ആനുകൂല്യം പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ സംരംഭങ്ങള്‍ യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പിനും സുവാര്‍ണവസരമാണ്.
കള്ളപ്പണക്കാരെയെല്ലാം ഒന്നൊന്നായി പിടികൂടുകയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. വ്യക്തിയായാലും രാഷ് ട്രീയ പാര്‍ട്ടിയായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരു പോലെയാണ്.
15 വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഹോക്കി ലോക കിരീടം നേടിയ ടീമിനേയും ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് കരുണ്‍ നായരേയും ആര്‍ അശ്വിനേയും മോദി അഭിനന്ദിച്ചു.
എല്ലാവര്‍ക്കും നവവത്സര ആശംസകളും നേര്‍ന്നുകൊണ്ടാണ് മോദി മന്‍ കി ബാത്ത് അവസാനിപ്പിച്ചത്.