പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗം പികെ ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. കെടിഡിസി ചെയര്‍മാന്‍ കൂടിയായ പികെ ശശിയെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ. എന്‍. സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയില്‍ നിന്നാണ് പി. കെ ശശിയെ മാറ്റി നിര്‍ത്തിയത്. ഏകാധിപത്യ ശൈലി അനുവദിക്കാനാവില്ലെന്നും കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
പികെ ശശിക്കെതിരെ മണ്ണാര്‍ക്കാട് കൗണ്‍സിലറും ഏരിയാകമ്മിറ്റി അംഗവുമായി കെ മന്‍സൂര്‍ പാര്‍ട്ടിക്ക് മുന്നില്‍ പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് യോഗം ചേര്‍ന്നത്. 10 മണിയോടെ പി കെ ശശി യോഗത്തിനെത്തിയെങ്കിലും പങ്കെടുപ്പിച്ചില്ല.
പി കെ ശശി ചെയര്‍മാനായിട്ടുള്ള യൂണിവേഴ്‌സല്‍ കോളേജിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുക്കള്‍ പരിശോധിക്കണമെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മണ്ണാര്‍ക്കാട് സഹകരണ എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിന് വേണ്ടി പാര്‍ട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുര്‍വിനിയോഗം ചെയ്‌തെന്നുമാണ് പാര്‍ട്ടിക്ക് മുന്നിലെത്തിയ പരാതി. വിവിധ സഹകരണ ബാങ്കുകളില്‍ നിന്നായി 5.48 കോടി രൂപ ഓഹരിയായി സമാഹരിച്ചു. പലിശയോ ലാഭമോ കിട്ടാതായതോടെ ബാങ്കുകള്‍ കടക്കെണിയിലായെന്നും ആരോപണം ഉണ്ട്.