ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ ആരംഭിച്ചു

harthal

പാലക്കാട്: കുന്തിപ്പുഴ സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് മണ്ണാര്‍കാട് നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നാമമാത്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ മൂന്നംഗ അക്രമിസംഘം അദ്ദേഹത്തിന്റെ വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു.

സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നും ആരോപിച്ച് മുസ്ലീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ലീഗിന്റെ ആരോപണം സിപിഐ ജില്ലാ ഘടകം എതിര്‍ത്തിട്ടുണ്ട്. തങ്ങള്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളല്ലെന്നും വ്യക്തിവൈരാഗ്യം ആയിരിക്കാം കാരണമെന്നുമാണ് സിപിഐ പറയുന്നത്.

കുന്തിപ്പുഴ നമ്പിയിന്‍ കുന്ന് സ്വദേശികളായ മൂന്ന് പേരാണ് കുത്തിയതെന്നാണ് ആരോപണം. വസ്ത്ര സ്ഥാപനത്തിനുള്ളില്‍ കടന്നായിരുന്നു കുത്തിയതെന്നും കൊല നടത്തിയ ശേഷം സംഘം ഓടി രക്ഷപ്പെടുക ആയിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്നാണ് കരുതുന്നത്.

Top