ആരോഗ്യ സ്ഥിതി തൃപ്തികരം;മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു

പനാജി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു. ഞായറാഴ്ച പുലര്‍ച്ചെ പരീക്കറുടെ ആരോഗ്യനില മോശമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്ഥിതി ഭേദമായതിനെത്തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് മാറ്റുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഞായറാഴ്ച ഗോവയില്‍ എത്തും.

കഴിഞ്ഞ മാസമാണ് പരീക്കറിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി അദ്ദേഹം ചികിത്സ തുടരണമെന്ന് പ്രതിരോധ മന്ത്രി ശ്രീപഥ് നായിക് അഭിപ്രായപ്പെട്ടു.

എയിംസ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം പരീക്കര്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന് നിരവധി തവണ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ തന്നെ പ്രത്യേക മന്ത്രിസഭാ യോഗം നടത്തിയത്.

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 15 മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പരീക്കര്‍.

Top