പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്‌ക്കരിച്ചു. പനാജിയിലെ മിറാമറില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയോടെ വിലാപ യാത്രയായി ബിജെപി സംസ്ഥാന ഓഫീസില്‍ എത്തിച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗോവയിലെത്തിയിരുന്നു.
പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മകന്റെ വീട്ടില്‍വെച്ചായിരുന്നു അറുപത്തിമൂന്നുകാരനായ അദ്ദേഹത്തിന്റെ മരണം.
പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതല്‍ വഷളായത്. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ 2014 മുതല്‍ 2017 വരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ആയിരുന്നു.