ഗോവ : അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിനകത്ത് ബ്ലീഡിങ് തുടരുന്നതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ആഗസ്റ്റില്‍ യുഎസിലേക്ക് പോയിരുന്നു. ചികില്‍സാര്‍ത്ഥം മൂന്ന് തവണ യു.എസിലേക്ക് പോയെങ്കിലും ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 15 മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പരീക്കര്‍.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന് നിരവധി തവണ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.