ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനാജി : ബിജെപി നേതാവും ഗോവന്‍ മുഖ്യന്ത്രിയുമായ മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. കുറച്ചുനാളായി പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ഇടപെട്ട കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. മനോഹര്‍ പരീക്കര്‍ രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു കൂടിയായിരുന്നു‍.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യസ്ഥിതി മോശമായി.

പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ലോബോ സ്ഥിരീകരിക്കുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. മക്കള്‍: ഉത്പല്‍, അഭിജിത്ത്.

Top