ന്യൂഡല്‍ഹി : പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ മിന്നലാക്രമണം നൂറുശതമാനവും കൃത്യതയോടെയായിരുന്നെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
നമ്മുടെ സൈന്യത്തിന്റെ ധൈര്യത്തില്‍ ആര്‍ക്കും ഇതുവരെ സംശയമുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ചിലര്‍ സംശയം ഉന്നയിച്ചത്. രാജ്യത്തിനോട് കൂറില്ലാത്തവരും ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്നവരും നിരവധി പേരുണ്ട്. അവരുടെ സംശയം ദൂരീകരിക്കാനായി ഒരു തെളിവും സര്‍ക്കാര്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്കുമേല്‍ വന്‍ വിജയമാണ് ഇന്ത്യന്‍ സൈന്യം നേടിയത്. ഇന്ത്യന്‍ ഭാഗത്ത് ഒരുതരത്തിലുമുള്ള നാശവും ഉണ്ടായില്ല. നമ്മുടെ സൈനികരില്‍ താന്‍ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
ആഗ്രയില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍രാജ്യങ്ങള്‍ മിന്നലാക്രമണം നടത്തുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷച്ച വിജയം ചിലപ്പോള്‍ നേടാനാവില്ല. എന്നാല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം വിജയകരമായിരുന്നു. ഇതു തെളിയിക്കാനായി സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തേണ്ട ആവശ്യം സര്‍ക്കാരിനില്ല.
എനിക്ക് ലഭിക്കുന്ന അനുമോദനങ്ങളെല്ലാം ഇന്ത്യന്‍ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ളതാണ്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം പൂര്‍ണ സുരക്ഷിതമായിരിക്കും.
ചിലര്‍ പറയാറുണ്ട് ഞാന്‍ നേര്‍വഴിയില്‍ പോകുന്ന വ്യക്തിയാണെന്ന്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ എന്നു വരുമ്പോള്‍ പ്രതിരോധ മന്ത്രി ഒരിക്കലും നേരായ വഴിയിലൂടെ പോകാന്‍ പാടില്ലെന്നാണ് എന്റെ വിശ്വാസം. രാജ്യത്തിന്റെ പ്രതിരോധകാര്യത്തില്‍ കൗശലശാലിയായി താന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
.