ഹരിയാന: ഇന്ത്യയിലെ 33 കോടി ജനങ്ങള്‍ വരള്‍ച്ചമൂലം കടുത്ത ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ജലധൂര്‍ത്തുമായി ഭരണാധികാരികള്‍. ജലധൂര്‍ത്തിന്റെ പേരില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറാണ് ഏറ്റവും ഒടുവില്‍ വിമര്‍ശം നേരിട്ടിരിക്കുന്നത്.
യമുനാ നഗറില്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനായി പാഴാക്കിയത് 1,000 ലിറ്റര്‍ ജലം. പൊടിപറക്കാത്ത ഹെലിപ്പാഡ് തയ്യറാക്കുന്നതിനുവേണ്ടിയാണ് 1,000 ലിറ്റര്‍ ജലം മൈതാനത്ത് തളിച്ചത്.
ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ കേന്ദ്ര ആരോഗ്യമന്ത്രി രാധാ മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലിപ്പാഡ് തയ്യാറാക്കുന്നതിനായി 10,000 ലിറ്റര്‍ ജലം ഉപയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് ഖാഡ്സെയുടെ ഹോലികോപ്റ്റര്‍ ലാത്തൂരിലിറക്കുന്നതിനുവേണ്ടി ഇതേ രീതിയില്‍ ജലവിനിയോഗം നടത്തിയതും വിവാദമായിരുന്നു. ഇതിനെല്ലാം പിറകേയാണ് ജലധൂര്‍ത്തിന്റെ പേരില്‍ ഖട്ടറും വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്.
ഇന്ത്യയിലെ 33 കോടി ജനങ്ങള്‍ വരള്‍ച്ചമൂലം കടുത്ത ദുരിതം അനുഭവിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ജനസംഖ്യയുടെ നാലിലൊന്നും വരള്‍ച്ചാദുരിതം അനുഭവിക്കുകയാണ്.