പരാതിക്ക് പിന്നില്‍ ഉദ്ദേശം വേറെയെന്ന്, ഐ.ജി ശ്രീജിത്തിനെ രക്ഷിക്കാനാണെന്ന്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ സുഹൃത്തായ വിവാദ ഐ.ജിയെ സംരക്ഷിക്കാന്‍ ബി.ജെ.പി നേതാവ് രംഗത്ത്. ശബരിമലയില്‍ രഹന ഫാത്തിമയെയും മറ്റൊരു യുവതിയെയും പൊലീസ് യൂണിഫോമോടെ മല കയറ്റിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നേരിടുന്ന ഐ.ജി ശ്രീജിത്തിനെ രക്ഷിക്കാന്‍ മറ്റൊരു ഐ.ജിക്കെതിരെ കൂടി പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.

സംസ്ഥാന പൊലീസില്‍ ക്ലീന്‍ ഇമേജുള്ള മനോജ് എബ്രഹാമിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചാല്‍ ശ്രീജിത്തിന് രക്ഷപ്പെടാന്‍ പറ്റുമെന്ന വിദഗ്ധ ‘ബുദ്ധി’ മുന്‍നിര്‍ത്തിയാണ് തന്ത്രപരമായ ഈ നീക്കമത്രെ.

പമ്പയില്‍ നിന്നും രഹന ഫാത്തിമയെയും മാധ്യമ പ്രവര്‍ത്തകയായ കവിതയെയും പൊലീസ് ധരിക്കുന്ന വസ്ത്രങ്ങളും ഹെല്‍മറ്റും ധരിപ്പിച്ച് ഐ.ജി ശ്രീജിത്ത് നേരിട്ട് പൊലീസ് അകമ്പടിയോടെ മല കയറ്റിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

പ്രതിഷേധം കൈവിട്ട് കലാപമായി മാറുമെന്ന അവസ്ഥ വന്നതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടാണ് ഐജിയോട് യുവതികളെയും കൊണ്ട് മടങ്ങി പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

manoj abrahan main original

സുപ്രീംകോടതി വിധി പ്രകാരം വിശ്വാസികളായ യുവതികള്‍ അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത പൊലീസിനുണ്ടെങ്കിലും രഹന ഫാത്തിമയെ പോലുള്ളവരെ മല കയറ്റാന്‍ പൊലീസ് എടുത്ത താല്‍പ്പര്യം മതവികാരത്തെ വ്രണപ്പെടുത്തുന്നതായി മാറിയത് സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു.

മുന്‍ പരിചയമുണ്ടായിട്ടും രഹന ഫാത്തിമയെ ശ്രീജിത്ത് മുന്‍കൈ എടുത്ത് മല കയറ്റിച്ചത് സംബന്ധമായി വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി ഐ.ജിക്ക് പ്രതിരോധം തീര്‍ക്കാന്‍ എത്തിയിരിക്കുന്നത്.

വിവാദ മലകയറ്റത്തിനു ശേഷം മാധ്യമങ്ങളെയും പ്രതിഷേധക്കാരെയും സാക്ഷി നിര്‍ത്തി ഐജി പൊട്ടിക്കരഞ്ഞത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിന് മുന്‍പന്തിയില്‍ നിന്നതും സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു.

വിശ്വാസിയായ ഐ.ജിയെ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യിപ്പിക്കുകയാണെന്നന്നായിരുന്നു പരിവാര്‍ മാധ്യമങ്ങളും ആരോപിച്ചിരുന്നത്.

രഹന ഫാത്തിമയുടെ മലകയറ്റത്തില്‍ ഒരു ബന്ധവും ഇല്ലാത്ത ഐജി മനോജ് എബ്രഹാമിനെ വിഷയത്തില്‍ വലിച്ചിഴച്ചാല്‍ ശ്രീജിത്തിന് പ്രതിരോധമാകുമെന്ന് കണ്ടാണ് പുതിയ നീക്കം.

സംസ്ഥാന പൊലീസ് സേനയില്‍ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിലയ്ക്കലിലും പമ്പയിലും പ്രതിഷേധക്കാരെ അടിച്ചോടിച്ചിരുന്നത്. ഇതിനെതിരെ മനോജ് എബ്രഹാമിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയും സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തിഹത്യ നടത്തിയും സംഘപരിവാര്‍ രംഗത്തു വന്നിരുന്നു.

ig sreejith

നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുമായി രഹന ഫാത്തിമ നടത്തിയ സംഭാഷണം എഡിറ്റ് ചെയ്ത് മനോജ് എബ്രഹാമിനെതിരെ തിരിക്കാന്‍ സംഘപരിവാര്‍ മാധ്യമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഹീനമായ ശ്രമം, സംഭാഷണം പൂര്‍ണ്ണമായും പുറത്ത് വിട്ടതോടെ പൊളിഞ്ഞിരുന്നു.

അതേസമയം, രഹന ഫാത്തിമ ആരുടെ പ്രേരണയില്‍, എന്ത് ഉദ്യേശത്തിനാണ് വന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം രഹസ്യാന്വേഷണ വിഭാഗത്തിന് ഇതിനകം തന്നെ ലഭിച്ച് കഴിഞ്ഞതായാണ് സൂചന.

സെക്ഷന്‍ 43 പ്രകാരം സര്‍വീസില്‍ ഉള്ളവര്‍ക്കല്ലാതെ പൊലീസ് യൂണിഫോം ധരിക്കാന്‍ സാധിക്കില്ല. പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്നത് കുറ്റകരമാണന്നിരിക്കെ സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്നാണ് ബിജെപിയുടെ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയിലാണ് ഐജി ശ്രീജിത്തിനൊപ്പം ഐജി മനോജ് എബ്രഹാമിന്റെയും പേര്‌ ചേര്‍ത്തിരിക്കുന്നത്.

ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരനും പറഞ്ഞിരുന്നു.

Top