കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സിബിഐക്ക് മുന്നില്‍ ഹാജരാകും. ചൊവ്വാഴ്ച അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. കതിരൂര്‍ മനോജ് വധം അന്വേഷിക്കുന്ന സിബിഐ സംഘം രണ്ടാം തവണയാണ് പി ജയരാജന് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞയാഴ്ചയും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ശാരീരിക അവശതകള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചുരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ജയരാജന്റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.