തിരുവനന്തപുരം: കേരളത്തിലെ മണ്‍സൂണ്‍ വരുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളുടെയും സമഗ്ര പട്ടിക തയ്യാറാക്കുന്നു. കൂടാതെ ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടെയും മറ്റു വസ്തുക്കളുടെയും പട്ടിക തയ്യാറാക്കും. പ്രവര്‍ത്തനം തുടരാന്‍ സാധിക്കുന്ന സ്ഥലങ്ങളും കണ്ടുവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ അത്യാഹിതങ്ങളെ നേരിടാനുള്ള ‘മാസ് കാഷ്വാലിറ്റി ട്രയാജ് പ്രോട്ടോകോള്‍’ പ്രധാന ആശുപത്രികളിലെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗികളായവര്‍ക്കും ക്വാറന്റൈയ്‌നില്‍ കഴിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക വാഹന സൗകര്യമൊരുക്കണം. ഡയാലിസിസ് ചെയ്യുന്നവര്‍, അര്‍ബുദ ചികിത്സയിലുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ഗുരുതര രോഗാവസ്ഥയുള്ളവരുടെ പട്ടികയും തയ്യാറാക്കും.
അത്യാഹിത ഘട്ടങ്ങളില്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ ഇവരുടെ മെഡിക്കല്‍ റെക്കോഡുകള്‍ നിര്‍ബന്ധമായും കൈയില്‍ സൂക്ഷിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ജില്ലാ കണ്‍ട്രോള്‍ സെല്‍, വാര്‍ഡ് മെമ്പര്‍, വളന്റിയര്‍മാര്‍ എന്നിവരുടെ നമ്പറുകളും സൂക്ഷിക്കണം. ഇത്തരം രോഗികള്‍ക്ക് ആശുപത്രികളില്‍നിന്ന് മരുന്നുകള്‍ ഒരു മാസത്തേക്ക് നല്‍കും. 20 വീടിന് ഒരു വളന്റിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ക്യാമ്പുകളില്‍ ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ പദ്ധതിയുടെ ഹെല്‍പ് ലൈനുകള്‍ സേവനം ലഭ്യമാക്കാനും മുഖ്യമന്ത്രി അറിയിച്ചു.