തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ക്കെതിരേ മാനനഷ്ടക്കേസ് നല്‍കി മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ:നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ‘എക്‌സ് ‘പ്ലാറ്റഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും ചെന്നൈ കോടതിയില്‍ മന്‍സൂര്‍ കേസ് നല്‍കി.മൂവരും എക്‌സിലൂടെ തന്നെ അപമാനിച്ചെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മന്‍സൂര്‍ അലിഖാന്റെ ആവശ്യം.സമാധാനം കെടുത്തിയെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും എഡിറ്റ്‌ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്നും ആരോപിച്ചു. ആരെയും പരിഹസിച്ചിട്ടില്ലെന്നും തൃഷയടക്കമുള്ളവര്‍ മനഃപൂര്‍വം തന്നെ അപമാനിച്ചെന്നും മന്‍സൂര്‍ അലിഖാന്‍ വ്യക്തമാക്കി.

അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരേ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ലിയോ’യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതിനെതിരേ തൃഷതന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെ മന്‍സൂര്‍ അലിഖാനെതിരേ സിനിമാലോകത്തുനിന്ന് വ്യാപകപ്രതിഷേധമുയര്‍ന്നു. നടന്മാരായ ചിരഞ്ജീവി, നിതിന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവര്‍ തൃഷയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Top