കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി പി ജാബിറിന്റെ വീട്ടിലെ വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
കണ്ണൂര്‍ മുക്കില്‍പ്പീടികയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡില്‍ തീ പടരുന്നത് കണ്ട് വീട്ടുകാര്‍ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച്, അവര്‍ ഉടനെ എത്തിയതിനാല്‍ വീടിന് അകത്തേക്ക് തീ പടര്‍ന്നില്ല.
വാഹനങ്ങള്‍ അഗ്‌നിക്ക് ഇരയാക്കിയത് ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. കേസില്‍ പ്രതിയായ ജാബിര്‍ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്റെ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതില്‍ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അര്‍ദ്ധരാത്രി ആക്രമണമുണ്ടാകുന്നത്.
ജാബിറിനെക്കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഇപ്പോഴും ഒളിവിലാണ്. സ്ഥലത്തെത്തി പൊലീസ് വിശദമായി പരിശോധന നടത്തി. പ്രദേശത്തെ സുരക്ഷ കൂട്ടാനും തീരുമാനമായിട്ടുണ്ട്.
പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ ഇത് വരെ എട്ട് പ്രതികളാണ് പിടിയിലായിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്.
വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും മുഹ്‌സിന്‍ പറഞ്ഞിരുന്നു.
ഡിവൈഎഫ്‌ഐ നേതാവ് സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.