മന്‍സൂര്‍ വധക്കേസ്; ഷിനോസിന്റെ ഫോണില്‍ ഗൂഢാലോചനയ്ക്ക് തെളിവെന്ന് സൂചന

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഷിനോസിന്റെ മൊബൈല്‍ ഫോണില്‍ നിര്‍ണായക വിവരങ്ങളെന്ന് സൂചന. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഫോണ്‍ വിശദ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേരും

മന്‍സൂറിനെ അക്രമിച്ചത് ഇരുപത്തി അഞ്ച് പേരടങ്ങുന്ന സംഘമാണന്നാണ് കോടതിയില്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ കെ.കെ ഷിനോസ് അടക്കം 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെയാണ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തത്. സംഭവസ്ഥലത്തു നിന്നാണ് ഷിനോസിന്റെ ഫോണ്‍ ലഭിച്ചത്. ഫോണിലെ വാട്‌സാപ്പ് ഗ്രൂപ്പിലുള്ള ചില സന്ദേശങ്ങള്‍ കൊലപാതക ഗൂഢാലോചനയിലേക്ക് നയിക്കുന്നതാണെന്ന് നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്. കൃത്യമായി ആസൂത്രണം ചെയ്താണ് ഈ സംഘം ആളുകളെ വിളിച്ചു കൂട്ടിയത്. അതിനുള്ള തെളിവുകള്‍ ഈ ഫോണിലുണ്ട്. വാട്‌സ്ആപ്പ് കോളുകള്‍ വഴിയും വാട്‌സാപ്പ് സന്ദേശം വഴിയും ആണ് അക്രമികളെയും ആയുധങ്ങളെയും സംഘടിപ്പിച്ചത്.

ഇന്നലെ രാത്രി തന്നെ ഈ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. അല്‍പസമയത്തിനകം സൈബര്‍സെല്ലിന്റെ വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിക്കും.

 

Top