മന്‍സൂര്‍ വധം; പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. റിമാന്റില്‍ കഴിയുന്ന ഇവരെ തിങ്കളാഴ്ച മുതല്‍ ഒരാഴ്ച കാലത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വിടുന്നത്. സുഹൈല്‍ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷമാണ് ഇദ്ദേഹം കോടതിയിലെത്തിയത്.

അഞ്ചാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് സുഹൈല്‍ അവകാശപ്പെടുന്നത്.

വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സുഹൈലിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയെന്നാണ് മന്‍സൂറിന്റെ കുടുംബത്തിന്റെ പരാതി. മന്‍സൂറുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് താനെന്നാണ് സുഹൈല്‍ പറയുന്നത്.

 

Top