കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ്. മരിക്കുന്നതിന് മുന്‍പ് ആരെങ്കിലും മര്‍ദ്ദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന.
മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈല്‍ എന്നിവരാണ് ഒളിവില്‍ ഒന്നിച്ചുണ്ടായിരുന്നത്. പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം മന്‍സൂര്‍ വധത്തില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ പിടിയിലായ ബിജേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പല പേരുകളും വ്യക്തമായത്. രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മരണത്തിന് അല്‍പ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിനിടയില്‍ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.