ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽ പേരെ നിയമിച്ച് കോൺഗ്രസ് നേതൃത്വം. മനു അഭിഷേക് സിംഗ്വിയും കുമാരി ഷെൽജയുമാണ് പുതുതായി പ്രവർത്തക സമിതിയിലെത്തിയത്. സുബ്രമണി റെഡ്ഡയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശിനെ മാധ്യമ പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നേതൃത്വം നിയമിച്ചത് കഴിഞ്ഞ ആഴ്ചയാണ്. രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ – പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.