ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മനു ഭാക്കറിന് ട്രിപ്പിള്‍ സ്വര്‍ണം

പെറു: ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മനു ഭാക്കറിന് മൂന്നാം സ്വര്‍ണം. പെറുവിലെ ലിമയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങുമായി ചേര്‍ന്ന് മൂന്നാം സ്വര്‍ണം കഴുത്തിലണിഞ്ഞു. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും മനു സ്വര്‍ണം നേടിയിരുന്നു.

വനിതാ ടീമിനത്തില്‍ റിതം സാങ്വാന്‍, ശിഖ നര്‍വാള്‍ എന്നിവരുമായി ചേര്‍ന്നാണ് മനുവിന്റെ നേട്ടം. സ്വര്‍ണ മെഡലിനായുള്ള മത്സരത്തില്‍ ബെലാറസിനെ 16-12ന് പരാജയപ്പെടുത്തി. ഇതേ ഇനത്തില്‍ പുരുഷ ടീമും സ്വര്‍ണം നേടിയിരുന്നു. നവീന്‍, സരബ്‌ജോത് സിങ്, ശിവ നര്‍വാള്‍ എന്നിവരടങ്ങുന്ന ടീം ബെലാറസിനെ 16-14ന് പരാജയപ്പെടുത്തി.

ഇതോടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീമിനത്തിലെ എല്ലാ സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. ശ്രീകാന്ത് ധനുഷ്, രജ്പ്രീത് സിങ്, പാര്‍ഥ് മകിജ എന്നിവരാണ് സ്വര്‍ണം നേടിയത്.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലും മികസഡ് ടീമിനത്തിലുമായി സരബ്‌ജോത് സിങ്ങ് രണ്ടു സ്വര്‍ണം നേടി. മെഡല്‍ പട്ടികയില്‍ ആറു സ്വര്‍ണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ആറു വെള്ളിയും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ അക്കൗണ്ടില്‍ 14 മെഡലുകളുണ്ട്.

 

Top