ജെസീക്ക ലാൽ കൊലപാതകക്കേസ്; പ്രതി മനു ശര്‍മ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: രാജ്യം ഏറ്റവുമധികം ശ്രദ്ധിച്ച മോഡലായ ജസീക്ക ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മനു ശര്‍മ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനായി. ഡല്‍ഹി തീഹാര്‍ ജയിലില്‍ നിന്നാണ് മനു ശര്‍മ ജയില്‍ മോചിതനായത്. ഇയാള്‍ക്കൊപ്പം മറ്റ് 18 പേര്‍ കൂടി ജയില്‍ മോചിതരായി.

മനുശര്‍മയെ ജയില്‍ മോചിതനാക്കാനുള്ള ഡല്‍ഹി സെന്റന്‍സ് റിവ്യു ബോര്‍ഡിന്റെ ശുപാര്‍ശയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഒപ്പുവെച്ചതോടെ തിങ്കളാഴ്ചയാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനു ശര്‍മ 16 വര്‍ഷത്തില്‍ താഴെ മാത്രമേ ജയിലില്‍കിടന്നിരുന്നുള്ളു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മനു ശര്‍മ പരോളിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രി വിനോദ് ശര്‍മയുടെ മകനാണ് മനു ശര്‍മ.

1999 ഏപ്രില്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം. മോഡലായിരുന്ന ജസീക്ക ലാല്‍ തനിക്ക് മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വെടിവെച്ച് കൊന്നുവെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. 2006ലാണ് ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത്. വിചാരണക്കോടതി ഇയാളെ കൊലക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയെങ്കിലും വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി കൊലപാതക കുറ്റം പുനഃസ്ഥാപിച്ച് ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു. 2010ല്‍ സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു.

അതേസമയം, ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ജയിലിന് പുറത്തുപോയി ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. 2018 ല്‍ ജസീക്കയുടെ സഹോദരി സബറിന മനു ശര്‍മയ്ക്ക് മാപ്പ് നല്‍കിയിരുന്നു. ഇവരുടെ എതിര്‍പ്പില്ലായ്മ കൂടി കണക്കിലെടുത്താണ് മനു ശര്‍മയെ ജയില്‍ മോചിതനാക്കിയത്.

Top