ജാപ്പനീസ് അലോയ് വീലുകളുടെ നിര്‍മ്മാണം ഇനി ഇന്ത്യയിലും; 100% ലീക്ക് പ്രൂഫ്

ജാപ്പനീസ് അലോയ് വീല്‍ ഡിസൈനറും നിര്‍മ്മാതാവുമായ കോസെയ് അലുമിനിയം കമ്പനി ലിമിറ്റഡുമായി ചേര്‍ന്നുകൊണ്ട് യുനോ മിന്‍ഡ ഇന്ത്യന്‍ ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ പുതിയ പ്രീമിയം ശ്രേണിയിലുള്ള അലോയ് വീലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാഹന പ്രേമികളുടെ ഇഷ്ടഘടകമാണ് അലോയ് വീലുകള്‍. അലോയി വീലുകള്‍ സ്റ്റീല്‍ വീലുകളേക്കാള്‍ ഭാരം കുറഞ്ഞവയായതിനാല്‍ വീലുകള്‍ കറക്കുന്നതിന് അല്ലെങ്കില്‍ ഒരു റൗണ്ട് തിരിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള എനര്‍ജി കുറയ്ക്കുന്നുണ്ട്. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

പുതിയ അലോയ് വീല്‍ ശ്രേണി പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഡിസൈന്‍ മുതല്‍ നിര്‍മ്മാണം വരെ, എല്‍പിഡിസി, ജിഡിസി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് എന്‍ജിനീയറിങ് ചെയ്തിരിക്കുന്നതെന്ന് യുനോ മിന്‍ഡ അറിയിച്ചിരിക്കുന്നത്.

യുനോ മിന്‍ഡയുടെ അലോയ് വീലുകളുടെ പുതിയ ശ്രേണി വിവിധ വലുപ്പത്തിലും ഡിസൈനുകളിലും ലഭ്യമാണ് കൂടാതെ റേഡിയല്‍, റെഗുലര്‍ ട്യൂബ് ടയറുകള്‍ക്കും ചേരുന്നതാണ്. അലോയ് വീലുകളില്‍ ഷാര്‍പ്പ്, സ്‌പേസ്, വണ്ടര്‍, വേവ്, ഷാര്‍ക്ക്, വേഗ എന്നീ ഡിസൈനുകളാണ് ഉള്‍പ്പെടുന്നത്.
യുനോ മിന്‍ഡയില്‍ നിന്നുള്ള പുതിയ അലോയ് വീല്‍ ശ്രേണി IS-9436/38 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കൂടാതെ എക്‌സ്-റേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ICAT അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. അത് കൊണ്ട് തന്നെ പുതിയ അലോയ് വീലുകള്‍ 100 ശതമാനം ലീക്ക് പ്രൂഫ് ആണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ 5,990 രൂപ പ്രാരംഭ വിലയില്‍ അലോയ് വീലുകള്‍ ലഭ്യമാണ്. 2 വര്‍ഷത്തെ ഫിനിഷും നിര്‍മ്മാണ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.

Top