അട്ടപ്പാടി : കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് രണ്ടാം ദിവസം നടന്ന വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.
ഒരുമണിക്കൂറിലേറെ വെടിവെപ്പ് നടന്നെന്നായിരുന്നു പൊലീസും തണ്ടര്‍ബോള്‍ട്ടും പറഞ്ഞിരുന്നത്. പൊലീസുകാരും മറ്റ് ചിലരും നിലത്ത് കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, കൂടാതെ വെടിയൊച്ചയും കേള്‍ക്കാം.
കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രണ്ടാംദിനം മഞ്ചികണ്ടിയില്‍ നിന്ന് ഉള്‍വനത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയിരുന്നു. ഉള്‍വനത്തിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തുടക്കമിടുന്നതിനിടെയാണ് രണ്ട് മണിക്കൂറോളം വെടിവെപ്പ് ഉണ്ടായതെന്നാണ് പൊലീസ് വാദം. എന്നാല്‍ തലപൊന്തിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ എവിടെ നിന്ന് ആരാണ് വെടിയുതിര്‍ത്തതെന്ന് അറിയില്ലെന്ന് കൂടെപോയ നാട്ടുകാര്‍ പറഞ്ഞു.
അട്ടപ്പാടിയിലുണ്ടായ വെടിവെപ്പില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം, കര്‍ണാടക സ്വദേശി സുരേഷ്, തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യദിവസത്തെ വെടിവെപ്പില്‍ സുരേഷ്, രമ, കാര്‍ത്തി എന്നിവരും രണ്ടാം ദിവസം ഉണ്ടായ വെടിവെപ്പില്‍ മണിവാസകവും കൊല്ലപ്പെടുകയായിരുന്നു.