ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

maoist

റായ്പുര്‍: ഛത്തീസ് ഗഢ് വനമേഖലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്കേലിനും ഇടയിലുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.

ഛത്തീസ്ഗഢ് പൊലീസും സിആര്‍പിഎഫ് 85 ബറ്റാലിയനും സംയുക്തമായി ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടാവുകയായിരുന്നു. തൊട്ടു പിന്നാലെ മാവോയിസ്റ്റുകള്‍ ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഏപ്രില്‍ 14-ന് പ്രാധാനമന്ത്രി നരേന്ദ്ര മോദി ഈ മേഖലയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ബിജാപുരിലെ തന്നെ ചിന്നകൊറേപാലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റിരുന്നു. സംഭവം കഴിഞ്ഞ് പത്ത് ദിവസം തികയും മുമ്പാണ് അടുത്ത ആക്രമണം.

2005 മുതല്‍ ഇതുവരെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ 47 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്.

Top