മഞ്ചേരി: കരുളായിയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കുപ്പു ദേവരാജിന്റെ സഹോദരനാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം നടപടികളെക്കുറിച്ച് വിമര്‍ശം ഉയര്‍ന്നിരുന്നു. കുപ്പു ദേവരാജിന്റെ ശരീരത്തിലുള്ള മുറിവുകളുടെ ആകൃതിയും പ്രകൃതിയും കൃത്യമായി രേഖപ്പെടുത്തിയില്ല എന്നതടക്കമുള്ള പരാതികളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സഹോദരന്‍ കോടതിയെ സമീപിച്ചത്.
വീണ്ടും പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യം നിരസിച്ചുവെങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
മഞ്ചേരി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
മാവോവാദികളുടെ മൃതദേഹം ഇന്ന് രാത്രിവരെ സൂക്ഷിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുമുമ്പ് വീണ്ടും പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുങ്ങുന്നത്.