ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്ഫോടനം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്ഫോടനം. ഐഇഡി സ്ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാന്‍ഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നക്‌സല്‍ ബാധിത സുഖ്മ ജില്ലയിലാണ് സ്ഫോടനം നടന്നത്.

സിആര്‍പിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാര്‍ക ക്യാമ്പില്‍ നിന്ന് എല്‍മഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്തിനാണ് പരിക്കേറ്റത്. നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ഐഇഡിക്ക് മുകളില്‍ ചവിട്ടുകയായിരുന്നുവെന്നാണ് വിവരം.

90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കോണ്ട നിയമസഭാ സെഗ്മെന്റിന് കീഴിലാണ് ഈ പ്രദേശം.

Top