ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്നും മാത്രം ഒരു വര്‍ഷത്തിനിടെ പിടികൂടിയത് 500 മാവോയിസ്റ്റുകളെയാണെന്ന് സിആര്‍പിഎഫ്. വിവിധ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിക്കുകയാണെന്നും ഇവരെ ചെറുക്കാന്‍ ഒരു ലക്ഷത്തോളം സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍ ഭട്‌നഗര്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഏറ്റവും ദുഷ്‌ക്കരമായ മേഖലകളില്‍ പുതിയ 15 ക്യാംപുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സുരക്ഷാസേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേര്‍ക്ക് പരിക്കേറ്റു.
സുഖ്മ ജില്ലയില്‍ റബ്ദിപാറ ഗ്രാമത്തില്‍ പട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ ഐഇഡി ഉപയോഗിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു. ജില്ലാ റിസര്‍വ്വ് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ ഗ്യാന്‍ദര്‍ പ്രധാനിയാണ് കൊല്ലപ്പെട്ടിരുന്നത്.