മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: നാല് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയില്‍ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. എന്‍.ഐ.എ, പുണെ പൊലീസ് എന്നിവര്‍ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്.

ഛത്തീസ്ഗഡില്‍ നിന്ന് ഗ്യാരബട്ടി മേഖലയിലേക്ക് മാവോയിസ്റ്റുകള്‍ നീങ്ങുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

Top