അട്ടപ്പാടി : മഞ്ചിക്കണ്ടിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും.
മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കേരളത്തിലേക്ക് തിരിച്ചത്. രണ്ടു പേരുടെയും ബന്ധുക്കള്‍ ഇന്ന് തൃശ്ശൂരില്‍ എത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.
കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് നിലവില്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ത്തിയുടെ മൃതദേഹം തൃശൂരില്‍ തന്നെ സംസ്‌കരിക്കാമെന്നാണ് തീരുമാനം. ബന്ധുക്കള്‍ എത്തിയതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നാവശ്യപ്പെട്ട് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്ന് ഹൈക്കോടതി ഇന്നലെയാണ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം സംസ്‌കരിക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.