കണ്ണൂര്‍: കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ച് വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തു. മൂന്നു വാച്ചര്‍മാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. വാച്ചര്‍മാര്‍ വനത്തിനുള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വനംവകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളായി മാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടിവരുന്നതിനിടെയാണിത്. ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂര്‍ അമ്പായത്തോട് അടക്കമുള്ള മേഖലയില്‍ നേരത്തെയും മാവോവാദി സാന്നിധ്യമുണ്ടായിരുന്നു. മാവോവാദികള്‍ പ്രദേശത്തെ വീടുകളിലെത്തി സാധനങ്ങള്‍ കൊണ്ടു പോവുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും മറ്റും ചെയ്തിരുന്നു.
മാവോവാദികളുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടര്‍ ബോള്‍ട്ട് ഹെലികോപ്റ്ററുള്‍പ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കബനി ദളത്തിലുള്ള സി.പി. മൊയ്തീന്‍ അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ തലപ്പുഴയിലും ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയിരുന്നു. കമ്പമലയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ രാത്രിയോടെയാണ് ആയുധധാരികളാണ് അഞ്ചുപേരെത്തിയത്. ഈ സംഭവത്തിന് മുമ്പായി കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് അടിച്ചു തകര്‍ത്ത മൊയ്ദീന്‍ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.