പകരം ചോദിക്കാന്‍ മാവോയിസ്റ്റ് സംഘം; എസ്.പിയെ ശബരിമലക്കു വിട്ട് സര്‍ക്കാര്‍

നിലമ്പൂര്‍: നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ ഇരുവരും വെടിയേറ്റു വീണ കരുളായി ഉള്‍വനത്തിലെ വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ എട്ടംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. അതീവജാഗ്രതാ നിര്‍ദ്ദേശവുമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയെ ശബരിമല സുരക്ഷാഡ്യൂട്ടിക്കു വിട്ട് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു.

വരയന്‍മലയില്‍ രക്തസാക്ഷി വാര്‍ഷികത്തിനും മാവോയിസ്റ്റ് അനുസ്മരണത്തിനും പ്രത്യാക്രമണത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഐ.ബി സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പു നല്‍കിയിരുന്നു. പോലീസ് സംഘത്തിലുള്ളവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും സുരക്ഷാസേനക്കുനേരെ ആക്രമണസാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

മാവോയിസ്റ്റ് സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് വരയന്‍മലയില്‍ ബേസ് ക്യാമ്പ് തുറന്നതെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സിനും വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2016 നവംബര്‍ 24നാണ് വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. പ്രത്യാക്രമണ സാധ്യത നിലനില്‍ക്കുന്ന മലപ്പുറത്ത് പക്ഷേ പോലീസിന് നാഥനില്ലാത്ത അവസ്ഥയാണ്. മാവോയിസ്റ്റ് വേട്ടയ്ക്കടക്കം പ്രത്യേക പരിശീലനം ലഭിച്ച എസ്.പി പ്രദീഷ്‌കുമാറിന് ശബരിമലയിലാണ് ഡ്യൂട്ടി. 30 വരെ എസ്.പി ശബരിമലയിലായിരിക്കും.

INSERT

മാവോയിസ്റ്റ് അക്രമണ സാധ്യതയുള്ള പാലക്കാടിന്റെ ക്രമസമാധാന ചുമതലയുള്ള എസ്.പി ദേബേഷ്‌കുമാര്‍ ബെഹറക്കാണ് മലപ്പുറത്തിന്റെ ചുമതല. കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കുമെന്ന് നേരത്തെ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്നും ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ വയനാട്, നിലമ്പൂര്‍, പാലക്കാട് ജില്ലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എളുപ്പമെത്താവുന്ന തരത്തിലാണ് മാവോയിസ്റ്റുകള്‍ കരുളായി വരയന്‍മലയിലെ ട്രൈ ജംങ്ഷനില്‍ ബേസ് ക്യാമ്പ് തുറന്നത്. കേരളത്തിലെ കാടുകളില്‍ നൂറോളം സായുധ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകാമെന്ന നിഗമനമാണ് നേരത്തെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സ് നല്‍കിയിരുന്നത്.

സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിക്കു കീഴില്‍ നാടുകാണി, കബനി, ഭവാനി ദളങ്ങളും സജീവമായിക്കഴിഞ്ഞു. സി.പി.ഐ മാവോയിസ്റ്റില്‍ 14 വര്‍ഷത്തിനു ശേഷമുണ്ടായ നേതൃത്വമാറ്റവും സംഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 72 വയസുകഴിഞ്ഞ ഗണപതി എന്ന മുപ്പല്ല ലക്ഷ്മണറാവുവിനു പകരം 63കാരനായ ബസവരാജ് എന്നറിയപ്പെടുന്ന നമ്പല്ല കേശവറാവുവിനെയാണ് ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത്.

INSERT22jpg

ഗണപതിയേക്കാള്‍ കൂടുതല്‍ തീവ്രനിലപാടുള്ള ബസവരാജ് തന്നെയാണ് മാവോയിസ്റ്റ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ തലവനും. ബസവരാജ് ജനറല്‍ സെക്രട്ടറിയായതിനു ശേഷമാണ് ആന്ധ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചത്.

ഗണപതി തെലുങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബിര്‍പുര്‍ ഗ്രാമത്തില്‍ നിന്നാണെങ്കില്‍ ബസവരാജ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലക്കാരനാണ്. ആന്ധ്രക്കു പിന്നാലെ കേരളത്തില്‍ പ്രത്യാക്രമണത്തിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് മുഖവിലക്കെടുക്കാത്തത്.

റിപ്പോര്‍ട്ട്: എം.വിനോദ്‌

Top