കല്‍പറ്റ: മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ പത്തംഗ സംഘത്തെ പൊലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചില്ല. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാലാണ് റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.
അതേസമയം, വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാവോയിസ്റ്റുകളുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയും അനുബന്ധ പോഷകസംഘടനകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ജലീലിനെ തമിഴ്നാട് സ്വദേശികളായ മാവോയിസ്റ്റ് ഗറില്ല സേനാംഗങ്ങള്‍ ഒറ്റിക്കൊടുത്തെന്നാണ് അര്‍ബന്‍സമിതിയിലും പശ്ചിമഘട്ട സമിതിയിലുമുള്ള മലയാളികള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇതിനെതിരെ ഇതരസംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്നായിരുന്നു ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ തലയ്‌ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തി.
രാത്രിയാണ് വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.