മലപ്പുറം: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ സംസ്‌കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കനത്ത പോലീസ് അകമ്പടിയിലാണ് ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. കനത്ത പൊലീസ് കാവലിലാണ് സംസ്‌കാര ചടങ്ങുകളും നടന്നത്. മാവോയിസ്റ്റ് മുദ്രാവാക്യങ്ങളും ചടങ്ങിലുടനീളം മുഴങ്ങുന്നുണ്ടായിരുന്നു
സി പി ജലീലിന്‍റെ സുഹൃത്തുക്കളടക്കം ദൂരദേശങ്ങളിൽ നിന്നുള്ളവർ കോഴിക്കോട് മോർച്ചറിക്ക് മുന്നിലെത്തിയിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ കൂടുതൽ വിവാദങ്ങൾക്ക് ഇട നൽകാതെ പൊലീസ് മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകുകയായിരുന്നു.
പൊലീസ് വെടിവെപ്പിൽ ജലീലിന്‍റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലയ്ക്ക് പിന്നിലേറ്റ വെടി തലയോട്ടി തകർത്ത് പുറത്തുപോയെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ടര്‍പഞ്ചര്‍ എന്ന തോക്കും അതിൽ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തിയിരുന്നു.