പിടിയിലായ മാവോയിസ്റ്റ് ദീപകിനെ നാളെ കോടതിയില്‍ ഹാജരാക്കും

ചെന്നൈ: തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ മാവോയിസ്റ്റ് ദീപകിനെ(ചന്തു) നാളെ കോടതിയില്‍ ഹാജരാക്കും. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് പരിക്കേറ്റ ദീപക്കിനെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കോടതിയിലെത്തിക്കു.

കേരളത്തിലും നിരവധി കേസുകള്‍ ഉള്ളതിനാല്‍ ദീപക്കിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് കേരളാ പൊലീസ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടിയില്‍ വെച്ചാണ് ദിപകിനെ തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് പിടികൂടിയത്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് എന്ന ചന്ദ്രു ഛത്തീസ്ഗഢ് സ്വദേശിയാണ്.
എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ് ദീപക്. ഇയാള് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ മഞ്ചിക്കണ്ടിയില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപില്‍ നിന്ന പൊലീസിന് കിട്ടിയിരുന്നു.

ദീപകിനെതിരെ തമിഴ്നാട് കേരള- കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ ഉണ്ട്. ഭവാനി ദളത്തിലെ പ്രധാനിയാണ് ദീപക്.

Top