കോഴിക്കോട്: വയനാട്ടില്‍ പൊലീസ് വെടിവെയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
മൃതദേഹം കര്‍ശന ഉപാധികളോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മലപ്പുറത്തേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വഴിയിലൊരിടത്തും നിര്‍ത്തി അഭിവാദ്യം സ്വീകരിക്കരുതെന്നാണ് നിര്‍ദേശമുള്ളത്. മൃതദേഹത്തെ പൊലീസും തണ്ടര്‍ബോള്‍ട്ടും അനുഗമിക്കുന്നുണ്ട്.
അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു.
എന്നാല്‍, വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.